NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Wednesday, May 24, 2017

 
നാവൂറ് പാട്ട് പാടി യാത്രയയപ്പ് നല്കി

തികച്ചും വ്യത്യസ്തമായ ഒരു യാത്രയയപ്പ് ഏറ്റുവാങ്ങിയാണ് അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ എം. കോമളവല്ലി ടീച്ചര്‍ വിരമിച്ചത്. പ്രശസ്ത പുള്ളുവന്‍പാട്ട് കലാകാരിയായ അടക്കാപുത്തൂര്‍ ശാന്തകുമാരി അവതരിപ്പിച്ച നാവൂറ് പാട്ടോടു കൂടിയാണ് യാത്രയയപ്പ് പരിപാടി ആരംഭിച്ചത്. പ്രവര്‍ത്തിപരിചയ വിഷയങ്ങളില്‍‍ ക്ലാസെടുത്തിരുന്ന എം. കോമളവല്ലിടീച്ചര്‍ സ്ക്കൂളിലെ നിരവധി ജീവകാരുണ്യ പ്രവര്‍‍ത്തനങ്ങള്‍ക്കും സാന്ത്വന- പാരിസ്ഥിതിക ജൈവ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ അധ്യാപികയായിരുന്നു. വിദ്യാലയത്തിലെ രോഗബാധിതരും ആലംബഹീനരുമായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ടീച്ചര്‍ താങ്ങും തണലുമായിരുന്നു. ടീച്ചറുടെ കര്‍‍മ്മോത്സുകതയുടെ ഫലമായി ധാരാളം കുട്ടികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍നിന്നും മറ്റു ഉദാരമതികളില്‍നിന്നും പഠനസഹായവും വൈദ്യസഹായവും ലഭ്യമായിട്ടുണ്ട്. പിറന്നാള്‍ സമ്മാനമായി പുസത്കങ്ങള്‍ സ്വരൂപിക്കുവാനും അതു പുസ്തകങ്ങളില്ലാത്ത സഹപാഠികള്‍ക്ക് വിതരണം ചെയ്യുവാനും ടീച്ചര്‍ കുട്ടികളെ പ്രേരിപ്പിച്ചതിന്റെ ഫലമായി നിരവധി കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സൗജന്യമായി നല്‍കുവാന്‍ സാധ്യമായി. വെള്ളിനേഴി പഞ്ചായത്ത് നടപ്പിലാക്കിയ അക്ഷയപാത്രം പദ്ധതിയിലേക്കും പൈയ്ന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ സാന്തനം പരിപാടിയിലേക്കും നല്ലൊരു തുക വിദ്യാര്‍ത്ഥികള്‍ മുഖാന്തരം നല്‍കുവാനും ടീച്ചര്‍ പരിശ്രമിച്ചു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന നിഷേധകാത്മകമായി പെരുമാറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ് ക്ലാസുകളും സ്നേഹോപദേശങ്ങളും നല്‍കി അവരെ പഠനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ കോമളവല്ലി ടീച്ചര്‍ക്ക് സാധ്യമായിരുന്നു.
കോമളവല്ലി ടീച്ചര്‍ക്ക് സ്ക്കൂള്‍ അധ്യാപകരും രക്ഷിതാക്കളും നല്‍കിയ യാത്രയയപ്പു യോഗത്തില്‍ അടക്കാപുത്തൂര്‍ ശ്രീധരന്‍ മംഗളഗാനമാലപിച്ചു. മുന്‍ പ്രധാനാധ്യാപകന്‍ എം ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഹരിദാസന്‍ തരകത്ത് , ഇ രാധാകൃഷ്ണന്‍, പി.പ്രേമകുമാരന്‍‍, കെ.ആര്‍ വേണുഗോപാലന്‍, പി. കാര്‍ത്ത്യായനിക്കുട്ടി, എം. കോമളവല്ലി , എം.ആര്‍ പ്രമോദ് , സി. മുഹിനുദ്ദീന്‍ , എം. ആര്‍ മൃദുല എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ എം. പ്രശാന്ത് സ്വാഗതവും കെ അജിത് നന്ദിയും പറഞ്ഞു. ഉപഹാരസമര്‍പ്പണങ്ങളും കലാപരിപാടികളും ഉണ്ടായി.


No comments:

Post a Comment